സീറ്റ് വിഭജനം പൂര്‍ത്തിയായി; ഇടത് മുന്നണി വന്‍വിജയം നേടും: ഇപി ജയരാജന്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും എല്‍ഡിഎഫ് മുന്നണി വന്‍വിജയം നേടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സിപിഐഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും മത്സരിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം എല്‍ഡിഎഫ് മുന്നണിക്ക് ഉണ്ടാകും. ഇടതുമുന്നണി തെരഞ്ഞെടുപ്പിന് സജ്ജമാണ്. 14ന് ജില്ലകളില്‍ ഇടതുമുന്നണി യോഗം ചേരും. ഇതിന് പിന്നാലെ പാര്‍ലമെന്റ് അസംബ്ലിതല ഇടതുമുന്നണി യോഗങ്ങള്‍ ചേരും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കണം. ഇടതുപക്ഷം ശക്തിപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

താല്‍ക്കാലിക തിരിച്ചടി അതിജീവിച്ച് ഇടതുമുന്നണി മുന്നേറ്റം ഉണ്ടാക്കും. സംസ്ഥാന വ്യാപകമായി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. അതാത് പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ തീരുമാനിക്കും. അതിനുശേഷം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പ്രഖ്യാപനം നടത്തുമെന്നും ഈ പി ജയരാജന്‍ കൂട്ടിച്ചേർത്തു.

10-Feb-2024