എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ ധനമന്ത്രി കെഎൻ ബാലഗോപാൽ

ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പ്രേമചന്ദ്രൻ എംപി പങ്കെടുത്തതിന് പിന്നാലെയാണ് ധനമന്ത്രിയുടെ വിമർശനം. എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമൻ്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

പാർലമെന്റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.

അതേസമയം തന്നെ എൻ കെ പ്രേമചന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും രംഗത്തെത്തിയിരുന്നു . നരേന്ദ്രമോദി ഭക്ഷണത്തിന് ക്ഷണിച്ച 8 എംപിമാരിൽ ഒരാളാണ് പ്രേമചന്ദ്രൻ എന്ന് പറഞ്ഞ ജയരാജൻ എന്താണ് അതിന്റെ അന്തർധാരയെന്നും ചോദിച്ചു. ബിജെപിയുമായുള്ള അന്തർധാരയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ജയരാജൻ ചോദ്യമുന്നയിച്ചു. ക്ഷണത്തിനു പിന്നിൽ പുതിയ അന്തർധാരയാണുള്ളത്. ബിജെപിയും ആർഎസ്എസുമായുള്ള പുതിയ ബന്ധമാണെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.

10-Feb-2024