മോദി ക്ഷണിച്ചപ്പോള്‍ യുഡിഎഫ് എംപിക്ക് രോമാഞ്ചം വന്നു; വിമർശനവുമായി ബിനോയ് വിശ്വം

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയം നേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ ജില്ലകളിലും പ്രവര്‍ത്തക യോഗം നടത്തുമെന്നും ഇടത് | വിജയം ഉറപ്പാക്കാന്‍ ജനം ഒപ്പം നില്‍ക്കുമെന്നും ബിനോയ് വിശ്വം കുട്ടിച്ചേര്‍ത്തു. അന്ധമായ രാഷ്ട്രീയ വിരോധം മൂലം കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ കേന്ദ്രം ഒന്നാം നമ്പര്‍ ശത്രുവായാണ് കാണുന്നതെന്നും ഡല്‍ഹി സമരം മഹത്തായ സമരമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ഡല്‍ഹി സമരം മഹത്തായ സമരമാണ്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ബിജെപി ഭാഷയില്‍ സംസാരിക്കുന്നു. അന്ധമായ ഇടത് വിരോധം മുലമാണിത്. അത് ജനങ്ങള്‍ തള്ളിക്കളയും. എപ്പോള്‍ തിരഞ്ഞെടുപ്പ് വന്നാലും എല്‍ഡിഎഫ് സജ്ജമാണ്. സിപിഐ ക്ക് 20 സീറ്റും പ്രാധാന്യമുള്ളതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിയതമായ രീതിയുണ്ട്. രാഹുല്‍ ഗാന്ധിക്ക് രാജ്യത്ത് എവിടെയും മത്സരിക്കാം.

വ്യക്തിപരമായി രാഹുല്‍ഗാന്ധിയോട് സ്‌നേഹമുണ്ട്, പക്ഷേ ബിജെപി വിരുദ്ധ രാഷ്ട്രീയം മറക്കരുത്. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടി വരും. ഇന്‍ഡ്യാ സഖ്യത്തിന്റെ മത്സരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ ബിനോയ് വിശ്വം വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ നാടകീയമായ വിരുന്നിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഒരു യുഡിഎഫ് എംപിക്ക് കഴിഞ്ഞില്ല. തുക്ക് പാര്‍ലമെന്റ് വന്നാല്‍ ഒരു എംപിയും പോകില്ലെന്ന് പറയാന്‍ യുഡിഎഫിന് ഉറപ്പുണ്ടോയെന്നും മോദി ക്ഷണിച്ചപ്പോഴേക്ക് യുഡിഎഫ് എംപിക്ക് രോമാഞ്ചം വന്നുവെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

സംസ്ഥാന ബജറ്റില്‍ ഇന്നത്തെ നിലയില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുക വയ്യ. എങ്കിലും ചില മേഖലകളില്‍ കുറച്ചു കുടി കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. നയപരമായ കാര്യങ്ങള്‍ പറയാന്‍ മുന്നണിക്കുള്ളില്‍ സംവിധാനമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി

11-Feb-2024