കെപിസിസി നേതൃത്വത്തോട് അതൃപ്തി; മുല്ലപ്പള്ളി 'സമരാഗ്നി'ക്ക് എത്തിയില്ല

കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നിയിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടു നിന്നു. വേദിയിലെ ബാനറിലും പ്രചരണ ബോർഡുകളിലും തന്റെ ചിത്രം ഉണ്ടായിട്ടും കെപിസിസി നേതൃത്വവുമായുള്ള അതൃപ്തി പരസ്യമാക്കുകയാണ് മുല്ലപ്പള്ളി എന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

വടകരയിലെ വസതിയിൽ ഉണ്ടായിട്ടും മുല്ലപ്പള്ളി സമരാഗ്നി വേദിയിലേക്ക് എത്താത്തത് അണികളിലും ചർച്ചയായിട്ടുണ്ട്. ഇതിലൂടെ നേതൃത്വവുമായി ഉള്ള അകൽച്ച വീണ്ടും പരസ്യമാക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിക്കാൻ കഴിഞ്ഞെന്ന് കെപിസിസി വിലയിരുത്തുമ്പോഴും മുല്ലപ്പള്ളിയുടെ അസാന്നിധ്യം നേതൃത്വത്തിന് തലവേദനയാകും എന്ന കാര്യം സംശയമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഡിഎഫിൽ കോൺഗ്രസിന്റെ ഘടകകക്ഷികളായ മുസ്ലീംലീഗ് നേതാക്കൾ പോലും ഓരോ സ്വീകരണ കേന്ദ്രത്തിലും അഭിവാദ്യമർപ്പിക്കാൻ എത്തുമ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ജാഥയിൽ നിന്നും വിട്ടുനിൽക്കുന്നത്. കെ.സുധാകരനുമായുള്ള അസ്വാരസ്യങ്ങളാണ് ജാഥയിൽ നിന്ന് മുല്ലപ്പള്ളി വിട്ടുനിൽക്കാനുള്ള പ്രധാന കാരണം എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.

11-Feb-2024