കർഷകർ സമരത്തിനിറങ്ങിയത് 6 മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായി

പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരും പോലീസും തമ്മിൽ സംഘർഷം. ശംഭുവിൽ കർഷകർ ബാരിക്കേഡുകൾ തകർത്തു. ഇതിന് പിന്നാലെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയിലും കർഷകർ ബാരിക്കേഡുകൾ തള്ളി നീക്കി. കൂടുതൽ കർഷകർ പഞ്ചാബ് -ഹരിയാന അതിർത്തിയിലേക്ക് നീങ്ങുകയാണ്.

ഹരിയാനയിലെയും പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും 200ഓളം സംഘടനകളും ഒരു ലക്ഷത്തോളം കര്‍ഷകരും സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്.പ്രതിഷേധ മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന നിലപാടാണ് ആദ്യം മുതൽ പൊലീസ് സ്വീകരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകളും പിടിച്ചെടുത്തു.

സംഭു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ട്രാക്ടറിൻ്റെ ടയറുകൾ ലക്ഷ്യമാക്കി റോഡിലുടനീളം മുള്ളുകമ്പി സ്ഥാപിച്ചിട്ടുണ്ട്. രാവിലെ പഞ്ചാബിൽ നിന്നാണ് കർഷക മാർച്ച് ആരംഭിച്ചത്. ട്രാക്ടറിൽ ആറുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി കർഷകർ മാർച്ചിൽ എത്തിയിട്ടുണ്ട്. മാർച്ച് എവിടെ തടഞ്ഞാലും പന്തൽ കെട്ടി പ്രതിഷേധിക്കുമെന്നാണ് കർഷകരുടെ നിലപാട്.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.

13-Feb-2024