ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിl കേന്ദ്രസർക്കാരിന്റെ കൈകടത്തൽ

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്ന് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അഭിനേത്രി നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. മികച്ച നവാഗത ചിത്രങ്ങൾക്ക് നൽകുന്ന ഇന്ദിരാഗാന്ധി പുരസ്‌കാരത്തിന്റെയും ദേശീയ ഉദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് പുരസ്‌കാരത്തിന്റെയുമാണ് പേരുകള്‍ മാറ്റിയത്.

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിവിധ വിഭാഗങ്ങളിൽ നൽകുന്ന പുരസ്‌കാരങ്ങൾ ഏകീകരിക്കുന്നതിനും മാറ്റം വരുത്തുന്നതുമായി രൂപീകരിച്ച കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പേരുമാറ്റം. ഇതിന് പുറമെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളുടെ തുക ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ പുരസ്‌കാരങ്ങൾ സംയോജിപ്പിക്കുകയും ചില കാറ്റഗറികൾ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പുരസ്‌കാരങ്ങളിലെ മാറ്റങ്ങളെ കുറിച്ച് കോവിഡ് കാലത്ത് തന്നെ ചർച്ച ചെയ്തിരുന്നതായും മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം ഏകകണ്ഠമായിരുന്നെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത കമ്മറ്റി അംഗങ്ങളിൽ ഒരാൾ പിടിഐയോട് വെളിപ്പെടുത്തി. 'മികച്ച നവാഗത ചിത്രത്തിന് സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം' ഇനിമുതല്‍ 'മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌കാരം' എന്ന് മാത്രമായിരിക്കും അറിയപ്പെടുക. നേരത്തെ നേരത്തെ നിർമാതാവിനും സംവിധായകനും വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി മുതൽ സംവിധായകന് മാത്രമായിരിക്കും നൽകുക.

ദേശീയോദ്ഗ്രഥനത്തിനായുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് പുരസ്‌കാരം ഇനി മുതൽ ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം പുരസ്‌ക്കാരം എന്നായിരിക്കും അറിയപ്പെടുക. ഈ വിഭാഗത്തിലേക്ക് സാമൂഹിക പ്രശ്നങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള വിഭാഗങ്ങളെ കൂടി യോജിപ്പിച്ച് ഒറ്റ പുരസ്‌കാരമാക്കി മാറ്റും.

13-Feb-2024