സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറിയുടെ ഉദ്ഘാടനം വ്യഴാഴ്ച

മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറിയുടെ ഉദ്ഘാടനം വ്യഴാഴ്ച (15) ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലുമണിക്ക് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരില്‍ നടക്കുന്ന യോഗത്തില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനാകും. മത്സ്യത്തൊഴിലാളി അപകടമരണ ഇന്‍ഷുറന്‍സ് തുക എ.എം. ആരിഫ് എം.പി. വിതരണം ചെയ്യും.

മൈക്രോ ഫൈനാന്‍സ് വായ്പ വിതരണം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ എന്നിവര്‍ മുഖ്യാതിഥികളാകും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ പി. സഹദേവന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മത്സ്യഫെഡിന്റെ വല നിര്‍മാണശാലകള്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ടൈ്വന്‍ ഫാക്ടറിയാണിത്. 5.5 കോടി രൂപ ചെലവ്. പ്രതിവര്‍ഷം 400 ടണ്‍ നൈലോണ്‍ നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ മത്സ്യബന്ധന വല നിര്‍മ്മാണ ഫാക്ടറികളുള്ളത്.

ഇവിടേക്ക് ആവശ്യമായ ടൈ്വന്‍ നൂല്‍ ഉത്പാദനമാണ് പറവൂരിലെ ഫാക്ടറിയില്‍ നടക്കുക. ഫാക്ടറിയുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിച്ച് കാലക്രമത്തില്‍ മത്സ്യഫെഡിന് ആവശ്യമായ മുഴുവന്‍ നൂലുകലും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

നൂലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ലാബും ഇവിടെ സജ്ജമാക്കും. ഗുണമേന്മയുള്ള നൂലില്‍ നിന്നും വല ഉത്പാദിപ്പിച്ച് ന്യായമായ നിരക്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നത്.

13-Feb-2024