ഡി കെ ശിവകുമാറിനെതിരെ ലോകായുക്ത കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ ലോകായുക്ത കേസ്. 74.93 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്.കേസ് സിബിഐക്ക് വിട്ട ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കുകയും കേസ് ലോകായുക്തയെ ഏല്‍പ്പിക്കുകയുമായിരുന്നു.

സംസ്ഥാന സർക്കാരിൻ്റെ നടപടി ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ലോകായുക്ത കേസ് എടുത്തത്. കേസിനെ നിയമപരമായി നേരിടുമെന്ന് ഡികെ ശിവകുമാർ പ്രതികരിച്ചു. തെറ്റൊന്നും ചെയ്തിട്ടില്ല. തൻ്റെ കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് അന്നത്തെ അഡ്വക്കേറ്റ് ജനറൽ പറഞ്ഞിരുന്നു. യെദ്യൂരപ്പ സര്‍ക്കാര്‍ സിബിഐക്ക് കേസ് കൈമാറാന്‍ ആവശ്യപ്പെടുന്നതില്‍ കഴമ്പില്ല. അതിനാലാണ് ആവശ്യം തള്ളി, സര്‍ക്കാര്‍ കേസ് ലോകായുക്തയ്ക്ക് കൈമാറിയതെന്നും ഡി കെ ശിവകുമാര്‍ വിശദീകരിച്ചു.

മുൻ സിദ്ധരാമയ്യ സർക്കാരിൽ ശിവകുമാർ ഊർജ മന്ത്രിയായിരിക്കെ ബിനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2020 ഒക്ടോബറിൽ സിബിഐ കേസെടുത്തത്.

14-Feb-2024