ഇരിങ്ങാലക്കുടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്‌എഫ്ഐ പ്രതിഷേധം. പലയിടങ്ങളിലായി എസ്‌എഫ്ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മഹാത്മ പാദമുദ്ര @90 എന്ന പരിപാടിയിലേക്ക് എത്തുമ്പോഴായിരുന്നു പ്രതിഷേധം. അഞ്ചു ഇടങ്ങളിലായി ഒളിച്ചിരുന്ന എസ്എഫ്ഐ പ്രവർത്തകർ, ഗവർണറുടെ വാഹനവ്യൂഹം എത്തിയപ്പോഴേക്കും ‘സംഘി ചാൻസലർ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി ചാടിവീഴുകയായിരുന്നു.
ഇവരെ പൊലീസ് കൂട്ടമായെത്തി അറസ്റ്റുചെയ്ത് നീക്കി. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇതിനിടെ പലയിടങ്ങളിലായി പ്രതിഷേധം തുടർന്നതോടെ തന്റെ വാഹനവ്യൂഹം നിർത്തി പ്രതിഷേധക്കാരോട് നേരിട്ട് സംസാരിക്കാൻ തയാറാണെന്ന് ഗവർണർ പറഞ്ഞു. ‘‘ എനിക്കെതിരെ പ്രതിഷേധിക്കാൻ എസ്‌എഫ്ഐ പ്രവർത്തകരെ സർക്കാർ നിയോഗിക്കുകയാണ്. എന്നിട്ടാണ് അവരെ അറസ്റ്റ് ചെയ്ത് നീക്കുന്നത്. എനിക്കുനേരെ പറയാനുണ്ടെങ്കിൽ അവരോട് വരാൻ പറയൂ’’– ഗവർണർ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെത്തിയ ഗവർണർക്കു നേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. സിആർപിഎഫിന്റെയും പൊലീസിന്റെയും സുരക്ഷാവലയം മറികടന്നാണ് എസ്എഫ്ഐക്കാർ ഗവർണറുടെ വാഹനത്തിനരികിൽ എത്തിയത്.