എക്‌സൈസ് സേനയെ ആധുനിക വൽക്കരിക്കും: മന്ത്രി എം ബി രാജേഷ്
അഡ്മിൻ
ഇന്നത്തെ വെല്ലുവിളികൾ നേരിടാൻ കഴിയുന്ന രീതിയിൽ എക്‌സൈസ് സേനയെ ആധുനിക വൽക്കരിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എക്‌സൈസ് വകുപ്പ് വിവിധ ജില്ല ഓഫീസുകൾക്കായി കൈമാറുന്ന എൻഫോഴ്‌സ്‌മെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലും സംസ്ഥാന ഗവൺമെന്റ് സേനയുടെ ആവശ്യങ്ങൾക്ക് മികച്ച പരിഗണനയാണ് നൽകുന്നത്. നിലവിൽ 33 വാഹനങ്ങളാണ് വിവിധ ജില്ലകൾക്കായി നൽകുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ വാഹനങ്ങളും അടിസ്ഥാന സാകര്യങ്ങളും നൽകണ്ടതാണ്. മെറ്റൽ ഡിറ്റക്ടറുകളടക്കം വിവിധ ആത്യന്താധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ക്രമാനുഗതമായി എക്‌സൈസ് വകുപ്പിന് നൽകും. മയക്കുമരുന്നിന്റെ വ്യാപനം കൗമാരക്കാർക്കിടയിൽ വ്യാപകമാകുന്ന സമകാലിക സാഹചര്യത്തിൽ മയക്കുമരുന്ന് വിതരണ ശ്യംഖലയില്ലാതാക്കാൻ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് എക്‌സൈസ് വകുപ്പ് നടത്തുന്നത്.
ക്രിസ്മസ്, ന്യൂ ഇയർ കാലയളവിൽ പതിനായിരത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരാതികളില്ലാത്ത നിലയിൽ മികച്ച നിലയിൽ പ്രവർത്തിക്കുന്ന എക്‌സൈസ് വകുപ്പിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പി ടി സി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് വാഹനങ്ങളുടെ താക്കോൽ കൈമാറുകയും ഫ്‌ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു.
2023-24 സാമ്പത്തിക ബജറ്റിൽ 3 കോടി രൂപ ചെലവഴിച്ചാണ് എക്‌സൈസ് വകുപ്പ് 33 വാഹനങ്ങൾ എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങൾക്കായ് വാങ്ങിയത്. വാർഡ് കൗൺസിലർ ജി മാധവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് സ്വാഗതമാശംസിച്ചു. അഡീഷണൽ എക്‌സൈസ് കമ്മീഷണർ ഇ എൻ സുരേഷ്, ആർ മോഹൻ കുമാർ, ടി സജുകുമാർ, പി കെ സനു എന്നിവർ സംബന്ധിച്ചു.