മൂന്നാം സീറ്റ് ലീ​ഗിന്റെ വാദമല്ല, ആവശ്യം: പി കെ കുഞ്ഞാലിക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ വാദമല്ല, ആവശ്യമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എല്ലായിടത്തും സ്വാധീനമുള്ള പാർട്ടിയാണ് ലീഗ്. എവിടെ വേണമെങ്കിലും മത്സരിക്കാം. ദിവസങ്ങൾക്കകം ഇതിൽ കാര്യം അറിയാം.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യം കോൺ​ഗ്രസ് ആണ് തീരുമാനിക്കേണ്ടത്. ഇൻഡ്യ മുന്നണിയിലെ ചില പാർട്ടികൾ തിരഞ്ഞെടുപ്പിൽ സഖ്യമില്ലെങ്കിലും ബിജെപിക്ക് എതിരെ തന്നെയാണ് പോരാടുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താൻ മത്സരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. അഭ്യൂഹങ്ങളൊന്നും വേണ്ട, മത്സരിക്കില്ല എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം സാദിഖലി തങ്ങൾ തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

16-Feb-2024