കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്ന് ധനമന്ത്രി
അഡ്മിൻ
കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുളളത് തരില്ലെന്നാണ് കേന്ദ്രത്തിന്റെ ഭീഷണി. കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
കേന്ദ്രത്തിനെതിരെ നടത്തിയ സമരം എൽഡിഫ് മാത്രമല്ല നടത്തിയത്. വിവിധ സംസ്ഥാനങ്ങൾ സമരം ചെയ്തു.ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചർച്ച ചെയ്ത് തീർത്തു കൂടെ എന്ന് കോടതി വരെ ചോദിച്ചു. അതിന് ശേഷമാണ് കേന്ദ്രം ചർച്ചക്ക് തയ്യാറായത്.
യൂണിയൻ-സ്റ്റേറ്റ് തർക്കം കോടതിയിൽ പോകുന്നത് അത്യപൂർവമാണ്. സംസ്ഥാനത്തിന് പണം ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്നാണ് കേന്ദ്ര നിലപാട്. 13000 കോടി രൂപയോളം കേരളത്തിന് കേന്ദ്രം തരാനുണ്ട്. അങ്ങേയറ്റം ഭരണഘടന വിരുദ്ധ നിലപാടാണിത്. കേന്ദ്രം സംസ്ഥാനത്തിന് നേരെ മർക്കട മുഷ്ടി കാണിക്കുന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുള്ളത് തരില്ലെന്നാണ് പറയുന്നത്. ഇത് ബ്ലാക്ക് മെയിലിംഗാണ്.
13,000കോടി നൽകാനുണ്ടെന്നത് കേന്ദ്രം അംഗീകരിക്കുന്നു. ഫെബ്രുവരി മാർച്ച് മാസങ്ങൾ പേമെൻ്റ് കൂടുതലുള്ള മാസങ്ങളാണ്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സ്ഥിതി. പണം കിട്ടാതായതോടെ കോടതിയെ സമീപിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.