കർഷകർ ഡൽഹിയിലെത്താൻ അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി ചലോ മാർച്ചുമായി കർഷകർ മുന്നോട്ട് തന്നെ. നാളെ സമരം പുനഃരാരംഭിക്കാനാണ് കർഷകരുടെ തീരുമാനം. ഡൽഹിയിലെത്താൻ അനുവദിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് കർഷകർ പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ആഗ്രഹമില്ലെങ്കിൽ മാർച്ച് നടത്താൻ അനുവദിക്കണമെന്ന് കർഷക സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. ഹരിയാനയിൽ ഇന്റർനെറ്റ് നിയന്ത്രണം തുടരുകയാണ്.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൻ്റെ നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളിയിരുന്നു. മൂന്ന് തരം പയർവർഗ്ഗങ്ങൾ, ചോളം, പരുത്തി എന്നിവ പഴയ താങ്ങുവിലയിൽ വാങ്ങാനുള്ള അഞ്ചുവർഷത്തെ കരാർ എന്ന വാഗ്ദാനമാണ് കർഷക സംഘടനകൾ നിരസിച്ചത്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം കര്‍ഷകരുടെ ആവശ്യങ്ങളെ വഴി തിരിച്ചുവിടുന്നതാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു. ബിജെപിയുടെ 2014 തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ 23 ഇനം വിളകളും സംഭരിക്കണമെന്നും കർഷക സംഘടനകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു.

20-Feb-2024