ആറ്റുകാല്‍ പൊങ്കാല; ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിച്ച് മുഖ്യമന്ത്രി
അഡ്മിൻ
ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഞായറാഴ്ച്ചയാണ് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല നടക്കുക.ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെണെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ആറ്റുകാലില്‍ വെച്ചാണ് യോഗം ചേര്‍ന്നത്. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.എല്ലാവരും ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.
അതേസമയം, കനത്ത ചൂടിനെ നേരിടാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി വിവിധയിടങ്ങളില്‍ കുടിവെള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൂടിനെ നേരിടാന്‍ ഭക്തരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.