ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ രാജ്യതലസ്ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ പഞ്ചാബില്‍ നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച് ഹരിയാണ അതിര്‍ത്തിയില്‍ ഇന്ന് പുനഃരാരംഭിക്കും. കേന്ദ്രസര്‍ക്കാരുമായി സമവായ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച മാര്‍ച്ച് വീണ്ടും ആരംഭിക്കുകയാണെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ഇല്ലാത്തതിനാലാണ് നീക്കം.
സമാധാനപരമായി പ്രതിഷേധം തുടരാനാണ് ശ്രമിക്കുന്നതെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പാന്ഥര്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെങ്കില്‍ സമരം തുടരാന്‍ അനുവദിക്കണം. തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. പന്ത് സര്‍ക്കാരിന്റെ കളത്തിലാണ്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് ബാരിക്കേഡുകളെ നേരിടാന്‍ മണ്ണുമാന്തി യന്ത്രങ്ങളും ബുള്‍ഡോസറുകളുമൊക്കെ കര്‍ഷകര്‍ അതിര്‍ത്തികളിലേക്ക് എത്തിച്ചിരുന്നു. ചൊവ്വാഴ്ച ഇതു വ്യാപകമായതോടെ ഇത്തരത്തില്‍ യന്ത്രങ്ങള്‍ അതിര്‍ത്തിയിലേക്ക് നീക്കുന്നത് തടയാന്‍ പഞ്ചാബിനോട് കേന്ദ്രം ആവശ്യപ്പെട്ടു.പഞ്ചാബ് ഹരിയാണ അതിര്‍ത്തികളില്‍നിന്ന് ബുധനാഴ്ച രാവിലെ 11-ന് മാര്‍ച്ച് തുടങ്ങാനാണ് കര്‍ഷകരുടെ പദ്ധതി.
മാര്‍ച്ചിനെ തടുക്കാന്‍ കടുത്ത പ്രതിരോധം ഒരുക്കി ഹരിയാണയുടെ അതിര്‍ത്തിയില്‍ പോലീസും കേന്ദ്രസേനകളും കാവലിനുണ്ട്. പല തലത്തിലുള്ള ബാരിക്കേഡുകളും കോണ്‍ക്രീറ്റ് മതിലുകളും ഹരിയാണ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. വീണ്ടും സമരം തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.