ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിലനില്‍ക്കുന്ന ഊഹാപോഹങ്ങളില്‍ മറുപടിയുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘എല്ലാം ശരിയാണ്, ഒരു സഖ്യമുണ്ടാകും, ഒരു സംഘര്‍ഷവുമില്ല. എല്ലാം ഉടന്‍ വ്യക്തമാകും,’ അഖിലേഷ് യാദവ് പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അഖിലേഷ് യാദവിന്റെ പാര്‍ട്ടി 62 സീറ്റുകളില്‍ മത്സരിക്കുമെന്നും 17 സീറ്റുകള്‍ കോണ്‍ഗ്രസിനും ഒരെണ്ണം ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്കും വിട്ടുകൊടുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനിപ്പിച്ചതായി സമാജ്വാദി പാര്‍ട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 17 ലോക്‌സഭാ സീറ്റുകളെന്ന വാഗ്ദാനം സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസിന് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ അവസാനിച്ചെന്നും കോണ്‍ഗ്രസിന് വാഗ്ദാനം സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നും പാര്‍ട്ടി വ്യക്തമാക്കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോണ്‍ഗ്രസ് ആവശ്യപ്പെട്ട യുപിയിലെ മൊറാദാബാദ്, ബിജ്നോര്‍, ബല്ലിയ സീറ്റുകളെ ചൊല്ലിയാണ് സീറ്റ് വിഭജനം വഴിമുട്ടി നിന്നിരുന്നത്. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ മൊറാദാബാദ് സീറ്റില്‍ എസ്പി വിജയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മത്സരിക്കണമെന്ന ആവശ്യം സമാജ്വാദി പാര്‍ട്ടി പിന്‍വലിക്കും. ശ്രാവസ്തിക്ക് പകരമായി സമാജ്വാദി പാര്‍ട്ടിക്ക് ബുലന്ദ്ഷഹറോ മഥുരയോ വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്തിമ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന.