പദയാത്രയിൽ നിന്ന് ലീവെടുത്ത് കെ.സുരേന്ദ്രന്‍ ഡല്‍ഹിയിലേക്ക്

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയിലേക്ക്. പദയാത്ര പകരക്കാരെ ഏല്‍പ്പിച്ചാണ് തലസ്ഥാനത്തേക്ക് പോകുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായാണ് പോകുന്നതെങ്കിലും പദയാത്രക്കിടെയുണ്ടായ ഗാന വിവാദത്തില്‍ ഐടി സെല്‍ കണ്‍വീനര്‍ക്കെതിരെ നടപടിയെടുക്കാത്തതിലെ അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കും.

പാര്‍ട്ടി അധ്യക്ഷനൊപ്പം സംഘടനാ സെക്രട്ടറി കെ സുഭാഷ്, മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുമുണ്ട്. എറണാകുളത്ത് എം ടി രമേശും മലപ്പുറത്ത് അബ്ദുള്ളകുട്ടിയുമാണ് സുരേന്ദ്രന്റെ അഭാവത്തിൽ പദയാത്ര നയിക്കുക.

പദയാത്രക്കിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗാനം പ്ലേ ആയതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഐടി സെല്‍ കണ്‍വീനര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ അതൊരു അബദ്ധമായിരുന്നുവെന്നും നടപടി ആവശ്യമില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

23-Feb-2024