മൂന്നാം ലോക്സഭാ സീറ്റിനായി മുസ്ലിം ലീഗ് യാചിക്കുന്നു; മന്ത്രി പി രാജീവ്
അഡ്മിൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ്. നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണെന്ന് അദ്ദേഹം പറഞ്ഞു. അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാമെന്നും പി രാജീവ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായത് പ്രത്യേക സാഹചര്യം. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ സംരംഭക അവാർഡ് പ്രഖ്യാപനത്തിനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭക മേഖലയിലെ പങ്കാളിത്തത്തിന് മികച്ച പഞ്ചായത്തായി ചവറയെയും മികച്ച കോര്‍പറേഷനായി തൃശ്ശൂരിനെയും തിരഞ്ഞെടുത്തു.
മികച്ച മൈക്രോ ഉത്പാദന യൂണിറ്റായി കൊല്ലത്തെ കല്യാണി ഫുഡ് പ്രൊഡക്ട്സിനെ തിരഞ്ഞെടുത്തു. സമഗ്ര സംഭവനയ്ക്കുള്ള അവാർഡ് ഒഇഎൻ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ പമേല ആൻ മാത്യു നേടി. അവാര്‍ഡ് പ്രഖ്യാപിച്ച ശേഷമായിരുന്നു രാഷ്ട്രീയ വിഷയത്തിലെ മന്ത്രിയുടെ പ്രതികരണം.