സത്യനാഥന്റെ കൊലപാതകം: കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി, പ്രതി അറസ്റ്റില്‍
അഡ്മിൻ
കൊയിലാണ്ടിയിൽ സിപിഐഎം നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ഷേത്രം ഓഫീസിന് സമീപത്തുനിന്നാണ് ആയുധം കണ്ടെടുത്തത്. സത്യനാഥിന്റെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.
പേരാമ്പ്ര, താമരശ്ശേരി ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. സ്ത്യനാഥനെ കൊലപ്പെടുത്തിയ അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചിരുന്നു. കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്‌സന്റെ ഡ്രൈവറായിരുന്നു അഭിലാഷ്.
ഇന്നലെ രാത്രി 10 മണിയോടെ ചെറിയപ്പുറം പരദേവതാ ക്ഷേത്ര മുറ്റത്തായിരുന്നു സംഭവം. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. സത്യനാഥനെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള ആറ് മുറിവുകളാണ് മരണകാരണമായതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.