കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റർ

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ശുദ്ധ അസംബന്ധമാണ് ഷാജി വിളിച്ചു പറയുന്നത്. എന്തു തോന്നിയവാസവും വിളിച്ചുപറയാമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കുഞ്ഞനന്തന്റെ മകള്‍ വ്യക്തമായ നിലപാട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് ഉള്‍പ്പടെ അന്വേഷിക്കണം. മൃഗീയമായ കൊലപാതകമാണ് നടന്നത്. ഇതിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

സംഭവത്തിൽ പൊലീസ് പിടികൂടിയ വ്യക്തിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. മുന്‍പ് പാര്‍ട്ടി മെമ്പറായിരുന്ന ഇയാളെ ഒരു തരത്തിലും അംഗീകരിക്കാനാവാത്ത പ്രവണതകള്‍ കാട്ടിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ഗള്‍ഫിലേക്ക് പോയി തിരിച്ചുവന്നതിനുശേഷവും ഇയാള്‍ തെറ്റായ നിലപാടുകള്‍ തുടര്‍ന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം പാര്‍ട്ടിക്ക് എതിരാണ്. കൊല്ലപ്പെട്ട സത്യനാഥനും ഇയാളും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർപറഞ്ഞു.

23-Feb-2024