വാർത്താസമ്മേളനത്തിൽ കെ സുധാകരൻ അസഭ്യം വിളിച്ചതിൽ വി ഡി സതീശൻ കടുത്ത അതൃപ്തിയിൽ
അഡ്മിൻ
വിഡി സതീശനുമായി അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആലപ്പുഴയിലെ വാർത്താസമ്മേളനത്തിലെത്താൻ വി ഡി സതീശൻ വൈകിയതിൽ കെ സുധാകരൻ അസഭ്യം പറഞ്ഞത് വാർത്തയായിരുന്നു. ഇതിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മാധ്യമങ്ങൾ കെട്ടിപ്പൊക്കി നടന്നിട്ട് എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കരുത്. ഞാൻ വളരെ സ്ട്രെയിറ്റ് ഫോർവേർഡ് ആണ്. ആരുടെ മുന്നിലും നേരെ ചൊവ്വെ വാ എന്ന് നിൽക്കുന്നയാളാണ്. എനിക്ക് കുശുമ്പുമില്ല, വളഞ്ഞബുദ്ധിയുമില്ല. നിങ്ങൾക്കും എന്നോട് നേരെ ചൊവ്വെ പറയാം. നിങ്ങൾ ഇങ്ങനെയൊരു പ്രചാരണം നടത്തുന്നത് ശരിയല്ല. യാഥാർത്ഥ്യവുമായി നിരക്കാത്തതാണ്. ഞാനും സതീശനും കുറേയായിട്ട് ജ്യേഷ്ഠാനുജൻമാരെ പോലെതന്നെയാണ്. ഇത്രയും ദിവസവും ഞങ്ങളൊരുമിച്ചായിരുന്നില്ലേ?
ജാഥയ്ക്ക് എന്നെക്കാളേറെ അദ്ദേഹമാണ് മുൻകൈയെടുത്തതും ഓടിയതും ചെയ്തതും ഒക്കെ. അങ്ങനെയൊരാളെ തള്ളിപ്പറയാനോ മോശമാക്കാനോ ഒന്നും ജീവിതത്തിൽ സാധിക്കില്ല. അദ്ദേഹത്തെ ഞാൻ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മീഡിയയാണ് വിഷയം ഉണ്ടാക്കിയത്, അതിന് നിങ്ങൾ എന്നോട് മാപ്പ് പറയണം. ഞാൻ പറഞ്ഞതല്ല നിങ്ങൾ എഴുതിയത്. എന്റെ കൈയിൽ തെളിവുണ്ട്. സതീശൻ ആരോടും രാജിഭീഷണി മുഴക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മനസിൽ ജാഥ വിജയിപ്പിക്കണമെന്ന ആഗ്രഹത്തിമാണുള്ളത്'- കെ സുധാകരൻ വ്യക്തമാക്കി.
അതേസമയം, വാർത്താസമ്മേളനത്തിൽ കെ സുധാകരൻ അസഭ്യം വിളിച്ചതിൽ വി ഡി സതീശൻ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. സതീശൻ എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് എഐസിസി ഉറപ്പ് നൽകിയെന്നും വിവരമുണ്ട്.