നരേന്ദ്ര മോദി ഫാസിസ്റ്റ് ; ഉത്തരം ഗൂഗിളിനെ വെട്ടിലാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാമർശത്തിൽ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.നരേന്ദ്ര മോദി ഫാസിസ്റ്റാണോയെന്ന ചോദ്യത്തോടുള്ള ഉത്തരമാണ് ഗൂഗിളിനെ വെട്ടിലാക്കിയിരിക്കുന്നത്.ഗൂഗിളിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് വ്യക്തമാക്കിയത്.

ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് സേവനമായ ജെമിനി പ്രധാനമന്ത്രിയെ പറ്റി നൽകിയ ഉത്തരമാണ് വിവാദമായത്.നരേന്ദ്ര മോദി ഫാസിസ്റ്റാണോയെന്നായിരുന്നു ചോദ്യം.മോദിയുടെ ചില നയങ്ങള്‍ ചിലര്‍ അദ്ദേഹത്തെ ഫാസിസ്റ്റ് എന്ന് ചിത്രീകരിക്കാറുണ്ട് എന്നായിരുന്നു ജെമിനിയുടെ മറുപടി. എന്നാല്‍ വ്‌ളാഡമിര്‍ സെലന്‍സ്‌കിയെക്കുറിച്ചും ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചും ഇതേ ചോദ്യം ചോദിച്ചപ്പോള്‍ ജെമിനിക്ക് മറുപടി നല്‍കാൻ കഴിഞ്ഞില്ല.

ജെമിനി നൽകിയ ഈ മറുപടി എക്സ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുന്നത്.സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകന്റെ എക്സ് പോസ്റ്റിനോട് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിക്കുകയായിരുന്നു.

ജെമിനിയുടെ പ്രതികരണത്തെ 'നേരിട്ടുള്ള ലംഘനങ്ങള്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് ഐടി ആക്ടിലെ ഇന്റര്‍മീഡിയറി റൂള്‍സിന്റെ റൂള്‍ 3(1)(ബി)യുടെ നേരിട്ടുള്ള ലംഘനമാണെന്നും ക്രിമിനല്‍ നിയമങ്ങളിലെ വിവിധ ഭാഗങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

24-Feb-2024