ഇന്നത്തെ കോൺഗ്രസിൽ ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകാം: മുഖ്യമന്ത്രി

നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസിൽ ആരും എപ്പോൾ വേണമെങ്കിലും ബിജെപിയിൽ പോകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോധ്യ, ഏകസിവിൽ കോഡ് വിഷയങ്ങളിൽ കോൺഗ്രസിന് നിലപാടില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസിന് സംഘപരിവാറുമായി പൊരുത്തപ്പെടുന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''അയോധ്യയുടെ മറുവശം കോൺഗ്രസ്‌ മറക്കുന്നത് എന്താണ്? യുസിസിയിൽ കോൺഗ്രസിന് നിലപാടില്ല. വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അയോദ്ധ്യയിൽ മോദി പ്രതിഷ്ഠക്ക് പോയ ദിവസം രാഹുൽ രാമക്ഷേത്രത്തിൽ ധ്യാനം നടത്താൻ സമരം ചെയ്യുന്നു. അതിന്റെ സന്ദേശം എന്താണെന്നും പിണറായി ചോദിച്ചു. ഭയത്തിലും അങ്കലാപ്പിലും ജീവിക്കുന്ന വിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്നതാണോ കോൺഗ്രസ്‌ നിലപാട്''?

''ഇടതുപക്ഷത്തിന് നിലപാടുണ്ട്. അതാണ് പ്രസക്തി. ഒരു വിഭാഗത്തിൽ ജനിച്ചുപോയെന്ന് കരുതി അവർ ഭീതിയിൽ കഴിയണോ.അവർക്ക് സമാധാനത്തിൽ ജീവിക്കാൻ കഴിയണം. അതിന് തടസ്സമുണ്ടാകുമ്പോൾ ചോദ്യം ചെയ്യാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. കേരള വിരുദ്ധ വികാരം കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്നു. കേന്ദ്രത്തിനു വേണ്ടി അവർ ന്യായങ്ങൾ കണ്ടെത്തുന്നു. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിലെ ഒരു എംപിയും ശബ്ദിച്ചില്ല. ഇടതുപക്ഷം ഇല്ലാതിരുന്നത് കൊണ്ടുള്ള ഗതികേടാണിത്. തെറ്റിനെ ചോദ്യം ചെയ്യലാണ് വേണ്ടത്. ഇടതുപക്ഷം ഇല്ലാത്തതിന്റെ ദൂഷ്യം നമ്മൾ അനുഭവിച്ചു''. ഇത് തെരഞ്ഞെടുപ്പിൽ നമുക്ക് പാഠമാണെന്നും പിണറായി വിജയൻ ചുണ്ടിക്കാട്ടി.

24-Feb-2024