ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ് കോൺഗ്രസ് ലീഗിനെ മാറ്റിനിര്‍ത്തുന്നത്: ഇപി ജയരാജൻ
അഡ്മിൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുസ്ലിം ലീഗിന് മൂന്ന് സീറ്റില്‍ കൂടുതല്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഇ പി ജയരാജന്‍. ലീഗിനെ കോണ്‍ഗ്രസ് വട്ടം കറക്കുകയാണ്. കോണ്‍ഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ജയരാജന്‍ പറഞ്ഞു. സമരാഗ്‌നിയില്‍ ലീഗിനെ കോണ്‍ഗ്രസ് അടുപ്പിക്കുന്നില്ല. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിര്‍ത്തുന്നത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്നാല്‍ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും ഇപി പ്രതികരിച്ചു.
എന്നാല്‍ ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാല്‍ സീറ്റുകള്‍ നേടും. അംഗീകാരമുള്ള ജനപ്രതിയുള്ള സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് മത്സരിപ്പിക്കും. ഇരുപതില്‍ ഇരുപത് സീറ്റും എല്‍ഡിഎഫ് നേടുകയും ചെയ്യുമെന്നും ഇപി പറഞ്ഞു. എന്ത് തെറിയും പറയാം എന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറി. ഒടുവില്‍ സഹോദരങ്ങള്‍ എന്നും പറയുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തര്‍ക്കത്തെ ഇപി പരിഹസിച്ചു.
കഴിഞ്ഞ ദിവസം ഇപി സുധാകരന്‍-സതീശന്‍ തര്‍ക്കത്തില്‍ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തെറിയേ വന്നിട്ടുള്ളൂ, ഇനി അടുത്തത് അടിയായിരിക്കുമെന്നായിരുന്നു ജയരാജന്റെ പരിഹാസം. കോണ്‍ഗ്രസ്സിന്റെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫില്‍ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്നും ഇപി ജയരാജന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.