രാജ്യം വര്‍ഗീയതയാല്‍ ഭരിക്കപ്പെടുമ്പോള്‍ ആദ്യം ചരമമടയുക യുക്തിചിന്ത: എംഎ ബേബി

രാജ്യം വര്‍ഗീയതയാല്‍ ഭരിക്കപ്പെടുമ്പോള്‍ ആദ്യം ചരമമടയുക യുക്തിചിന്തയാണെന്ന് സിപിഎം നേതാവ് എംഎ ബേബി. താഴ്ന്നതരം ചിന്തയായിരിക്കും പിന്നെ രാജ്യത്തെ നയിക്കുക. അങ്ങനെയാണ് വര്‍ഗീയതയുടെ കാലത്ത് രാജ്യം പിന്നോട്ടു പോവുക. ഒരു രംഗത്തും, (ശാസ്ത്രം, കലകള്‍, ഉന്നതവിദ്യാഭ്യാസരംഗം, സാഹിത്യം, കോടതി, പത്രപ്രവര്‍ത്തനം, ഭരണം എന്നിങ്ങനെ എവിടെ ആയാലും) ഒരു തരത്തിലുമുള്ള ഉന്നത ബൗദ്ധികനിലവാരം ഇവര്‍ അനുവദിക്കില്ല.

ഇന്ത്യ ഇന്നു കടന്നുപോകുന്നത് അത്തരം ഒരു സാഹചര്യത്തിലൂടെയാണ്. അസംബന്ധങ്ങളായ, യുക്തിഹീനങ്ങളായ വിവാദങ്ങളുണ്ടാക്കി ഇവര്‍ രാജ്യശ്രദ്ധയെ അവരുടെ നിലവാരത്തില്‍ നിറുത്തും. അതിന് നല്ലൊരു ഉദാഹരണമാണ് കൊല്‍ക്കത്ത ഹൈക്കോടതി ഈയിടെ കൈകാര്യം ചെയ്ത, സിംഹങ്ങളുടെ പേര് സംബന്ധിച്ച കേസ്. അക്ബര്‍ എന്നും സീത എന്നും പേരിട്ട രണ്ടു സിംഹങ്ങള്‍ സിലിഗുരിയിലെ ഒരു മൃഗശാലയില്‍ ഒരുമിച്ചു കഴിയുന്നു എന്നത് തന്റെ മതാഭിമാനത്തെ വൃണപ്പെടുത്തി എന്ന പരാതിയുമായാണ് ഒരു വിശ്വഹിന്ദു പരിഷത്തുകാരന്‍ കോടതിയിലെത്തിയത്.

ഇന്ത്യയിലെ ഒരു ഉന്നതനീതിപീഠം അടിയന്തിരമായി കൈകാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട ഗൌരവകരമായ വിഷയം! മനുഷ്യന്റെ തടവിലാക്കപ്പെട്ട ഈ മൃഗങ്ങളുണ്ടോ തങ്ങളുടെ പേരുകളറിയുന്നു! കോടതിയും ഇത് ഗൌരവമായാണ് എടുത്തതെന്നതാണ് കൂടുതല്‍ വലിയദുരന്തം. ദൈവങ്ങളുടെയും മഹാത്മക്കളുടെയും പേര് ഓമനമൃഗങ്ങള്‍ക്കിട്ട് വിവാദങ്ങള്‍ ഉണ്ടാക്കരുത് എന്നാണ് കോടതിവിധിയെന്നാണ് പത്രങ്ങളില്‍ വായിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിച്ചു നടത്തുന്ന അക്രമങ്ങളാല്‍ പശ്ചിമബംഗാളിലെ ജനാധിപത്യസംവിധാനം ഗുരുതരമായ ഒരു ചോദ്യചിഹ്നം ആയിരിക്കുകയാണ്. അതിനെക്കുറിച്ച് കോടതികളൊന്നും അടിയന്തിര ഇടപെടല്‍ നടത്തിയതായി കാണുന്നില്ല. പക്ഷേ, ഇത്തരം പ്രഹസനങ്ങള്‍ക്ക് എല്ലാവര്‍ക്കും സമയമുണ്ടെന്നും ബേബി പറഞ്ഞു.

25-Feb-2024