സമരാഗ്നി പടരുന്നത് കെ സുധാകരനും വിഡി സതീശനുമിടയിൽ

കെപിസിസി നടത്തുന്ന സമരാഗ്‌നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയില്‍ നിശ്ചയിച്ചിരുന്ന സംയുക്ത വാര്‍ത്ത സമ്മേളനം ഒഴിവാക്കി. കെ സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിവരം. സമരാഗ്‌നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാല്‍ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിക്കുകയായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ പ്രതിപക്ഷ നേതാവ് എത്താന്‍ വൈകുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് സംയുക്ത വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം കോണ്‍ഗ്രസിന്റെ സമരാഗ്‌നി ജാഥ ഇന്ന് പത്തനംതിട്ടയിലെ പര്യടനം പൂര്‍ത്തിയാക്കി ഉച്ചക്ക് ശേഷം കൊല്ലം ജില്ലയില്‍ പ്രവേശിക്കും.

രാവിലെ കെ. സുധാകരനും വി. ഡി. സതീശനും ചേര്‍ന്ന് ജനകീയ ചര്‍ച്ച സദസ്സ് പത്തനംതിട്ടയില്‍ നടത്തിയ ശേഷം ഇരു നേതാക്കളും കൊട്ടാരക്കരയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകുമെന്നാണ് അറിയിച്ചിരുന്നത്. കെ.സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എംപിയുടെ നാക്കുപിഴയുമൊക്കെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് വലിയ നാണക്കേട് ആയിരുന്നു.

26-Feb-2024