ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഐ സ്ഥാനാർഥി പട്ടികയായി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുൺ കുമാർ തന്നെ മത്സരിക്കും.തൃശൂരിൽ വിഎസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥാനാർത്ഥികളാകും. കേരളത്തില്‍ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാര്‍ത്ഥികലെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്.

നേരത്തെ പുറത്തുവന്ന വാര്‍ത്തകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കര സിഎ അരുണ്‍ കുമാര്‍, തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നവരെ കളത്തിലിറക്കാനാണ് സി പി ഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്.

കഴിഞ്ഞ മൂന്ന് തവണയും ശശി തരുരിന് മുന്നില്‍ പരാജയപ്പെട്ട തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാനാണ് കരുത്തനായ പന്ന്യനെ വീണ്ടും കളത്തിലിറക്കുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ആദ്യം നിലപാടെടുത്ത പന്ന്യന്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. തലസ്ഥാനത്ത് ഏറ്റവും അവസാനമായി വിജയക്കൊടി പാറിച്ച നേതാവിനെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാം എന്നാണ് സി പി ഐയുടെ കണക്കുകൂട്ടല്‍.

തൃശൂരില്‍ ആദ്യം മുതലേ ഉയര്‍ന്നുകേട്ട വി എസ് സുനില്‍ കുമാറിന്റെ പേര് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ സുരേഷ് ഗോപിക്കും ടി എന്‍ പ്രതാപനും വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ജനകീയ ഇമേജിലൂടെ സുനില്‍കുമാര്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് സി പി ഐയുടെ കണക്കുകൂട്ടല്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാതിരിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രം കൂടിയാണ് ദേശീയ നേതാവായ ആനി രാജയെ കളത്തിലിറക്കുന്നതിനിടെ സി പി ഐ മുന്നോട്ട് വയ്ക്കുന്നത്.

26-Feb-2024