യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ സൈനിക നടപടി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ മുപ്പത്തിനായിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്. 'യുക്രെയ്‌നുവേണ്ടിയുള്ള ത്യാഗം' എന്നാണ് സൈനികരുടെ മരണത്തെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. കീവില്‍ 'യുക്രെയ്ന്‍ യീര്‍ 2024' എന്ന ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.
31,000 വരുന്ന സൈനികര്‍ക്കുപുറമെ പതിനായിരക്കണക്കിന് സാധാരണക്കാരും റഷ്യന്‍ അധിനിവേശ മേഖലകളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിക്കാതെ മനുഷ്യനാശത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്ന് വൊളോഡിമിര്‍ സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായാണ് യുക്രെയ്ന്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
യുക്രെയ്‌നിലെ സൈനിക നടപടിയില്‍ റഷ്യയ്ക്കുഉണ്ടായ ആള്‍നാശങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2022-23 വര്‍ഷങ്ങളിലായി യുദ്ധത്തില്‍ പങ്കെടുത്ത 75,000 റഷ്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വതന്ത്ര റഷ്യന്‍ മാധ്യമമായ മീഡിയാ സോണ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ഏകദേശം 3,15,000 റഷ്യന്‍ സൈനികര്‍ യുക്രെയിനില്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ അമേരിക്കയിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.