ജാള്യം മറയ്ക്കാൻ സംവാദം നടത്താൻ വരുന്നു; കുഴൽനാടന് മറുപടിയുമായി മന്ത്രി എംബി രാജേഷ്
അഡ്മിൻ
കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴൽനാടനെതിരെ മന്ത്രി എംബി രാജേഷ്. ഭൂമി കയ്യേറിയത് കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണ് സംവാദം നടത്താൻ വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളെല്ലാം അസംബന്ധമാണ്. ഭൂമി കയ്യേറിയത് പിടിക്കപ്പെട്ടല്ലോ, ആദ്യം അതിന് മറുപടി പറയട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വടകരയിൽ സിപിഐഎം - ബിജെപി ധാരണയെന്ന കെ മുരളീധരൻ്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി പാരമ്പര്യമായി ബന്ധമുള്ളത് കെ മുരളീധരനാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ 2004 ആവർത്തിക്കും. പ്രധാനമന്ത്രി കേരളത്തിൽ എത്തിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്ത് ബിജെപിയുടെ നില ദയനീയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിമണല്‍ ഖനനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആർഎല്ലിന് അനുകൂലമായി ഇടപെട്ടുവെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. ഈ വിഷയങ്ങളിൽ മന്ത്രിമാരായ പി രാജീവും എം ബി രാജേഷും തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്നും മാത്യു കുഴൽനാടൻ വെല്ലുവിളിച്ചിരുന്നു. കുഴൽനാടന്‍റെ വാർത്താ സമ്മേളനം ചീറ്റിയ പടക്കം പോലെയെന്ന് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചു. വിവാദമായ കമ്പനിക്ക് കേരളത്തിലെ സർക്കാർ നൽകിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്.