ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സ്നേഹം വോട്ടായി മാറും: കെ കെ ശൈലജ
അഡ്മിൻ
ടി പി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്ന് മുന്‍ മന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെകെ ശൈലജ. ടി പി ചന്ദ്രശേഖരന് വധം നാടിനെ വിഷമിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്ന് കെ കെ ശൈലജ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.
ടി പി വധക്കേസിലെ കോടതി വിധിയെ മാനിക്കുന്നു. വടകര ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്ക്കും. മുഴുവന്‍ സീറ്റിലും വിജയിക്കാനുള്ള പരിശ്രമമാണ് മുന്നണി നടത്തുന്നത്. 15 സീറ്റ് ഉറപ്പാക്കും. ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന സ്നേഹം വോട്ടായി മാറുമെന്നും കെകെ ശൈലജ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൊവിഡ് കാലത്ത് വടകര മുന്‍ എംപിയും മുന്‍ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന് ഉന്നയിച്ച പിപിഇ കിറ്റ് അഴിമതി ആരോപണവും കെകെ ശൈലജ തള്ളി. അക്കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് തന്നെ എതിരഭിപ്രായമുണ്ട്. കാബിനറ്റും കോര്‍ കമ്മിറ്റിയും ആലോചിച്ചാണ് സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും കെകെ ശൈലജ പറഞ്ഞു.