കണ്ണൂരിൽ മത്സരിക്കാനില്ല, ജയന്തിനെ നിര്‍ദേശിച്ച് കെ സുധാകരന്‍

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി മത്സരിച്ചേക്കില്ല. പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടാനാണ് തീരുമാനം.

അതേസമയം ജയന്ത് മത്സരിക്കുന്നതില്‍ ഡിസിസി നേതൃത്വം അതൃപ്തി അറിയിച്ചു. സുധാകരന്‍ ഇല്ലെങ്കില്‍ കണ്ണൂരില്‍ നിന്നും സ്ഥാനാര്‍ത്ഥി വേണമെന്ന് ആവശ്യമാണ് ഡിസിസി നിര്‍ദേശിക്കുന്നത്. വി പി അബ്ദുള്‍ റഷീദ്, അമൃതാ രാമകൃഷണന്‍, റിജില്‍ മാക്കുറ്റി എന്നീ പേരുകളാണ് ഡിസിസി നിര്‍ദേശിക്കുന്നത്.

സാമുദായിക സമവാക്യം, ജയസാധ്യത എന്നീ കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും ഡിസിസി അറിയിച്ചു. സ്ഥാനാര്‍ത്ഥി ചിത്രം വ്യക്തമായതിന് ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് ഡിസിസി സ്വീകരിച്ചത്.

കെപിസിസി പ്രസിഡണ്ട് സ്ഥാനവും എം പി പദവിയും ഒരുമിച്ചു കൊണ്ടുപോകുന്നതിലെ പ്രയാസം ചൂണ്ടിക്കാട്ടി ഇത്തവണ മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് മത്സരരംഗത്തുള്ളത്.

29-Feb-2024