പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ വയനാട് ജില്ലാ പ്രസിഡന്റിനെതിടെ നടപടി. ജില്ലാ പ്രസിഡന്റായ കെപി മധുവിനെ മാറ്റി പകരം ചുമതല നിലവിലെ സെക്രട്ടറി പ്രശാന്ത് മലവയലിന് കൈമാറി. കുറുവാ ദ്വീപിലെ താത്ക്കാലിക വനംവാച്ചറായിരുന്ന പോളിനെ കാട്ടാന കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവാദപരാമര്‍ശം.
പുല്‍പ്പള്ളി സംഘര്‍ഷത്തിന് കാരണ ളോഹ ഇട്ടവരാണെന്ന പരാമര്‍ശമാണ് ഇദ്ദേഹം നടത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായാണ് പൊലീസ് കേസെടുത്തതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവന. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മധുവിന്റെ നിലപാട്. സംഭവത്തില്‍ മധുവിനോട് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി.
‘ആളുകള്‍ പ്രതിഷേധിച്ച സമയത്ത്, ഏകപക്ഷീയമായി ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തു. ഒരു കക്ഷിയെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ട് കേസെടുക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. അത് അനുവദിക്കാനും പോകുന്നില്ല. സര്‍വകക്ഷിയോഗത്തിലെ തീരുമാനം പറയുന്ന അവസരത്തില്‍ ചില ളോഹയിട്ട ആളുകളാണ് വിടരുതെടാ..പിടിക്കെടാ അവരെ… തല്ലെടാ… എന്നൊക്കെ ആക്രോശം മുഴക്കിക്കൊണ്ടു വന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആളുകള്‍ പ്രകോപിതരായത്. അതിനുശേഷമാണ് സംഘര്‍ഷവും കല്ലേറും ഒക്കെ ഉണ്ടായത്. അവരുടെ ആരുടെയും പേരില്‍ കേസില്ല. ഏകപക്ഷീയമായിട്ട് കേസെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ അതിനെ ഒരു കാരണവശാലും ബിജെപി അംഗീകരിക്കില്ലാന്നാണ് അദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്.