ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം മതിയാക്കുന്നു. ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഗംഭീര്‍ ട്വീറ്റ് ചെയ്‌തു.
ജനങ്ങളെ സേവിക്കാന്‍ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് നന്ദി പറയുന്നതായും ഗംഭീറിന്‍റെ ട്വീറ്റിലുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക ബിജെപി ഉടന്‍ പ്രഖ്യാപിക്കാനിരിക്കേയാണ് അപ്രതീക്ഷിതമായി ഗൗതം ഗംഭീറിന്‍റെ പ്രഖ്യാപനം.
പൊതുതെരഞ്ഞെടുപ്പ് 2024ന്‍റെ തിയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് എന്തുകൊണ്ടാണ് ഗൗതം ഗംഭീര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. ഈസ്റ്റ് ദില്ലി മണ്ഡലത്തില്‍ ഗംഭീറിന് വീണ്ടും മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കില്ല എന്ന അഭ്യൂഹം ശക്തമായിരുന്നു. 2019 മുതല്‍ ദില്ലിയില്‍ ബിജെപിയുടെ പ്രധാന മുഖങ്ങളിലൊന്നായിരുന്നു ഗംഭീര്‍.