ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കാതിരുന്നത് : മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ഒന്നോ രണ്ടോ ദിവസം കാലതാമസമുണ്ടാകുന്നത് സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്‌സ് (എകെജിസിടി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ശമ്ബളം മുടങ്ങിയെന്നാണു പ്രചാരണം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കാതിരുന്നത്. 13,000 കോടി രൂപയാണു തടഞ്ഞുവച്ചിരിക്കുന്നത്. ഇക്കാര്യമല്ലേ ചര്‍ച്ചയാവേണ്ടതെന്നും മന്ത്രി ചോദിച്ചു.

ശമ്പളവും പെൻഷനും തടഞ്ഞുവയ്ക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു. കേരളം ശ്രീലങ്കയെപ്പോലെയാകുമെന്നാണ് പ്രചാരണം. അത് നടക്കില്ല. വരുമാനത്തിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായ സംസ്ഥാനമാണ് കേരളം. എന്നാൽ ജിഎസ്ടി ഉൾപ്പെടെയുള്ള നികുതികൾ കേന്ദ്രമാണ് പിരിക്കുന്നത്.

കേരളത്തിന് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും പണം ലഭിക്കാത്ത സാഹചര്യമാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നത്. ചില സംസ്ഥാനങ്ങൾക്ക് കൂടുതൽ തുകയും കേരളത്തിന് കുറച്ച് തുകയും എന്ന നിലപാട് ശരിയല്ല. മുക്കിക്കൊല്ലാന്‍ ശ്രമിച്ചാല്‍ നിന്നു തരില്ലെന്നും ധനമന്ത്രി പറഞ്ഞു.

02-Mar-2024