സീറ്റ് നൽകിയില്ല; ബിജെപിയിൽ അതൃപ്തി പുകയുന്നു

മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ഹർഷവർധൻ രാഷ്ട്രീയം വിടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത പ്രഖ്യാപനം. അദ്ദേഹത്തിൻ്റെ പേര് കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഹർഷവർധന് പകരം പ്രവീൺ ഖണ്ഡേൽവാളിനാണ് ചാന്ദ്‌നി ചൗക്കിൽ നിന്ന് മത്സരിക്കാനുള്ള ടിക്കറ്റ് നൽകിയത്. എക്സിൽ പങ്കുവെച്ച ഒരു നീണ്ട കുറിപ്പിലൂടെയാണ് ഹർഷവർധൻ നിലപാട് അറിയിച്ചത്.

പാര്‍ട്ടി അംഗങ്ങളോടും നേതാക്കളോടും അനുയായികളോടും നന്ദി പറഞ്ഞ ഹര്‍ഷവര്‍ധന്‍ മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനും സന്തോഷം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള തന്റെ ബോധവത്ക്കരണശ്രമങ്ങളും പുകയിലക്കെതിരായ പോരാട്ടവും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

03-Mar-2024