വന്യജീവി ആക്രമണം സംസ്ഥാന മലയോര മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്നു: മന്ത്രി എ കെ ശശീന്ദ്രന്
അഡ്മിൻ
വന്യജീവി ആക്രമണം സംസ്ഥാന മലയോര മേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. രണ്ട് തരത്തിലാണ് ഈ പ്രതിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ആക്രമണത്തിന് വിധേയരാകുന്നവരെ സഹായിക്കുക, അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുക എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് പ്രതിരോധപ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിലൂടെ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയൂ. വയനാട്ടില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയപ്പോള്‍ മോശം വാര്‍ത്തകള്‍ കുറഞ്ഞു. ആക്രമണത്തിന് ഇരയായവര്‍ക്ക് രേഖകള്‍ ഹാജരാക്കി 48 മണിക്കൂറിനകം സഹായധനം ലഭ്യമാക്കാന്‍ നടപടിയായെന്നും മന്ത്രി അറിയിച്ചു.
കൂടുതല്‍ ആര്‍ആര്‍ടികളെയും സ്പെഷ്യല്‍ സ്ക്വാഡിനെയും നിയോഗിക്കും. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും. ഇടുക്കിയിലും വയനാടിന് സമാനമായ പ്രശ്നങ്ങള്‍ ഉണ്ട്. മാര്‍ച്ച് ഒമ്പതിന് ഇടുക്കിയില്‍ പ്രത്യേക യോഗം ചേരും. 10ന് മൂന്ന് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ബന്ദിപൂരില്‍ സമ്മേളിക്കും. ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിനുമായും മന്ത്രി രാജീവുമായും ചര്‍ച്ച നടത്തി. ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയാന്‍ ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ മുതലെടുപ്പിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ കൂടെ നില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വന്യമൃഗങ്ങളെ വെടി വെക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് കൊടുത്താല്‍ സന്തോഷമാണ്. സിസിഎഫിന് മയക്കു വെടി വെക്കാന്‍ ഉള്ള അധികാരം മാത്രമാണുള്ളത്. 72 ലെ നിയമത്തില്‍ ഭേദഗതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അത് കേന്ദ്രത്തെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട് പൂക്കോട് വെറ്ററനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലും മന്ത്രി പ്രതികരിച്ചു. പൂക്കോട് നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ് . കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ വേണം എന്നതാണ് നിലപാട്. അത് ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നടന്നത് അതി ദാരുണമായ കൊലപാതകമാണെന്നും മന്ത്രി പ്രതികരിച്ചു.