കോണ്‍ഗ്രസ് ഇടപെട്ട് കെഎസ് യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിപ്പിക്കണം: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ പരീക്ഷാ സമയത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കെഎസ് യു ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെട്ട് കെഎസ് യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുന്ന ഈ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോണ്‍ഗ്രസും പോഷക സംഘടനകളും നടത്തുന്നത്. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകള്‍ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്‌കൂളുകളില്‍ എത്തുന്നത്. പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തെരുവുകള്‍ യുദ്ധക്കളമാക്കാനുള്ള ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെ പിടികൂടി ഊര്‍ജ്ജിതമായ അന്വേഷണവും തെളിവെടുപ്പും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവത്കരിക്കാനും അതുവഴി തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാനാകുമോ എന്നുമാണ് കോണ്‍ഗ്രസും പോഷക സംഘടനകളും നോക്കുന്നത്.

പരീക്ഷാസമയം കുട്ടികള്‍ക്ക് ഏകാഗ്രത ഏറെ വേണ്ട സമയമാണ്. ഈ ഘട്ടത്തില്‍ വിദ്യാലയങ്ങളില്‍ കലുഷിത അന്തരീക്ഷം ഉണ്ടാക്കുന്നത് കേരള സമൂഹത്തോട് തന്നെ ചെയ്യുന്ന ക്രൂരതയാണ്. വിദ്യാര്‍ഥികള്‍ക്ക് സൈ്വര്യമായി പരീക്ഷ എഴുതാനുള്ള അന്തരീക്ഷം ഉണ്ടാകണം. പൊലീസ് സഹായത്തിന് പുറമേ പൊതുജനം വിദ്യാര്‍ഥികള്‍ക്ക് സൈ്വര്യമായി പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

04-Mar-2024