വിജ്ഞാന സമ്പദ് വ്യവസ്ഥക്കനുയോജ്യമായി ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്തണം: മുഖ്യമന്ത്രി

വിഞ്ജാന സമ്പദ്ഘടനക്കനുയോജ്യമായ രീതിയിൽ ഉന്നതവിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഉപദേശക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഇടപെടലിലൂടെ മികച്ച ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൃഷി,വ്യവസായം തുടങ്ങിയ മേഖലകൾക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന രീതിയിൽ സമഗ്രമായ പരിഷ്‌ക്കരണം സാധ്യമായിട്ടുണ്ടോയെന്ന് വിമർശനാത്മകമായി പരിശോധിക്കണം. സംസ്ഥാനത്തെ സാമ്പത്തിക പ്രയാസം ഉന്നത വിദ്യാഭ്യാസ മേഖലയെ ബാധിക്കാതെ പ്രവർത്തനങ്ങളെ നിലവിൽ ഏകോപിപ്പിക്കുകയാണ്.

സർവകലാശാലകളിലെ മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തുകയും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലും സമയബന്ധിതമായി നടത്തണം.ഇത് ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ദിശാബോധം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ പ്രസിദ്ധീകരിച്ച ഉന്നതവിദ്യാഭ്യാസ രേഖയുടെയും, ആരോഗ്യ ശാസ്ത്ര ഗവേഷണ നയരേഖയുടെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രിമാരായ ഡോ.ആർ ബിന്ദു, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ.വി വേണു, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാർ ഡോ. രാജൻ ഗുരുക്കൾ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

05-Mar-2024