പി.സി. ജോര്‍ജ് ബി.ജെ.പി.ക്ക് ഭാരമാകുമോയെന്നു കാലം തെളിയിക്കട്ടെയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . അപ്രസക്തനെ പ്രസക്തനാക്കാനാണോ നോക്കുന്നതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോടു ചോദിച്ചു.
‘‘എനിക്ക് കേരള മുഖ്യമന്ത്രിയാകണമെന്ന് തോന്നിയാൽ, എന്നോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് എന്നെ ഊളൻപാറയിൽ പ്രവേശിപ്പിക്കുകയാണ്. സ്നേഹമില്ലെങ്കിൽ പ്രോത്സാഹിപ്പിക്കണം. അത്രയേ ഇതിനു മറുപടി പറയാനുള്ളൂ.
ഓരോരുത്തർക്കും അർഹതപ്പെട്ടതുണ്ട്, അർഹതയില്ലാത്തതുണ്ട്. ചുമ്മാതിരുന്ന് തവള വീർക്കും പോലെ വീർത്തിട്ട് കാര്യമില്ല. വീർത്താൽ വയറുപൊട്ടുമെന്നല്ലാതെ ഒരു ഫലവുമുണ്ടാകില്ല. ആളെ വിട്ടേര്. അയാളെ വാർത്തയാക്കി കൊണ്ടുനടക്കുന്നത് തന്നെ തെറ്റാണ്.’’– വെള്ളാപ്പള്ളി പറഞ്ഞു. പി.സി.ജോർജിനോട് എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന ചോദ്യത്തിന് അയാൾ ഞങ്ങളുടെ ജാതിയെ അസഭ്യം പറഞ്ഞയാളാണെന്ന് വെള്ളാപ്പള്ളി മറുപടി നൽകി.
ബിജെപിക്ക് പി.സി.ജോർജ് ഭാരമാണോ അല്ലയോ എന്ന് കുറച്ചുനാൾ കഴിയുമ്പോൾ മനസ്സിലാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘വ്യക്തിപരമായ അഭിപ്രായത്തിൽ പി.സി.ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കണമായിരുന്നു. ഇത്രയും സ്വാധീനമുള്ള ഒരാൾ ജയിക്കുമെന്ന് ഒക്കെ ഇവർ പറഞ്ഞില്ലേ. ഇങ്ങനെയെല്ലാം ഉണ്ടയില്ലാത്ത വെടിയടിക്കുന്നവനെ ഒന്നു നിർത്തി ശക്തി പരീക്ഷിക്കേണ്ടതായിരുന്നു. അതു തെറ്റായി പോയി. എല്ലാ പക്ഷവും തീർന്നിട്ടാണല്ലോ ഇപ്പോൾ ബിജെപിയിൽ ചെന്ന് ലയിച്ചത്. ആർക്കേലും വേണോ? കോൺഗ്രസിനു വേണ്ട, കമ്യൂണിസ്റ്റിനു വേണ്ട, അവസാനം ജനപക്ഷം ലയിച്ചു പോയി.’’– വെള്ളാപ്പള്ളി പരിഹസിച്ചു.
പത്തനംതിട്ടയിൽ തനിക്കും പകരം അനിൽ ആന്റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പി.സി.ജോർജ് പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഇടപെട്ടതിനാലാണ് തനിക്ക് സീറ്റു കിട്ടാതിരുന്നതെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം.