കോണ്‍ഗ്രസിലെ ഡസന്‍ കണക്കിനാളുകള്‍ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണ്:എംവി ഗോവിന്ദന്‍ മാസ്റ്റർ

കോണ്‍ഗ്രസിലെ ഡസന്‍ കണക്കിനാളുകള്‍ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2 അക്ക നമ്പര്‍ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

എന്നാല്‍ കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ജയിച്ചുവരുന്ന കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകും. എകെ ആന്റണിയുടെ മകന്‍ പോയി. കെ കരുണാകരന്റെ മകള്‍ പോയിക്കൊണ്ടിരിക്കുന്നു.

നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ആര് പോകുന്നു എന്നതല്ല. കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണം. ബിജെപിയിലേക്ക് ചേരാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാല്‍ എന്താണവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു.വടകരയില്‍ ഇടത് മുന്നണി വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

07-Mar-2024