പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി നടത്തിയതിന് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയത്.

തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്പോള്‍ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു.

ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുമ്പോഴും ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. ചാലക്കുടിയിൽ പദ്മജ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കിയേക്കും.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത ആഘാതമാണ് നല്‍കിയത്. ലീഡറുടെ മകൾ വരെ ബിജെപിയിലെത്തുമ്പോൾ വിശ്വാസ്യത പോകുന്നു എന്നതാണ് പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധി. പദ്മജക്ക് നൽകിയ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞ് ചതിച്ചെന്ന് പറഞ്ഞ് നേരിടാനാണ് കോൺഗ്രസ് നീക്കം.

07-Mar-2024