കെ കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല: കെ മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരില്‍ പത്മജ വേണുഗോപാല്‍ പ്രചാരണത്തിന് ഇറങ്ങിയാല്‍ തന്റെ ജോലി എളുപ്പമായെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. മണ്ഡലം മാറ്റം ആദ്യം പ്രയാസമുണ്ടാക്കി, പക്ഷേ പാര്‍ട്ടി ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അത് ഏറ്റെടുക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

നേരത്തെ വടകരയില്‍ രണ്ടരലക്ഷത്തോളം വാള്‍ പോസ്റ്ററുകള്‍ അടിച്ച് പ്രചാരണം തുടങ്ങിയിരുന്നു. ടി.എന്‍ പ്രതാപന്‍ അതിലേറെ അച്ചടിച്ചിട്ടുണ്ടാകും. എന്നാല്‍ പാര്‍ട്ടി ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ അത് അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിയെ എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

തൃശ്ശൂരില്‍ പത്മജ വേണുഗോപാല്‍ പ്രചരണത്തിന് എത്തിയാല്‍ തിരിച്ചടിയാകുമോ എന്ന ചോദ്യത്തിനും കെ മുരളീധരന്‍ മറുപടി നല്‍കി. പത്മജ പ്രചാരണത്തിന് ഇറങ്ങിയാല്‍ തന്റെ ജോലിഭാരം കുറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

പത്മജയ്ക്കല്ല, ബിജെപിക്കുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് എന്നും കെ മുരളീധരന്‍ പറഞ്ഞു. ബിജെപി പോസ്റ്ററില്‍ കെ.കരുണാകരന്റെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കെ കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

09-Mar-2024