കൂടുതല്‍ വായ്പ: കേരളത്തിന്റെ ആവശ്യത്തോട് മുഖംതിരിച്ച് കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖംതിരിച്ച് കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷം 19,351 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുവദിക്കണമെന്നാണ് ധനമന്ത്രാലയ പ്രതിനിധികളുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രതിനിധി സംഘം ആവശ്യപ്പെട്ടത്.

എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടായില്ല. സുപ്രീം കോടതിയില്‍ ധാരണയായ 13,608 കോടി രൂപ മാത്രം അനുവദിക്കൂ എന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. ഇത്രയും തുക അനുവദിക്കാമെന്ന വാഗ്ദാനം കേന്ദ്രം നേരത്തേ നല്‍കിയതാണ്.

സുപ്രീം കോടതി ചോദിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു. ഇതില്‍ കൂടുതലായി എത്ര പണം വേണമെന്ന കാര്യം പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. അധികം ആവശ്യപ്പെട്ട തുകയുടെ കാര്യത്തില്‍ മുഖംതിരിച്ച കേന്ദ്രം മറ്റു നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവെച്ചതുമില്ല.

09-Mar-2024