മനുഷ്യ- വന്യജീവി സംഘര്‍ഷം; സുപ്രീംകോടതിയെ സമീപിച്ച് പി വി അന്‍വര്‍
അഡ്മിൻ
മനുഷ്യ- വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ സുപ്രീം കോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തില്‍ കൊല്ലപെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക നിധി രൂപീകരിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ അന്‍വര്‍ ആവശ്യപെട്ടിട്ടുണ്ട്.
മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കര്‍മ്മ പരിപാടി തയ്യാറാക്കുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ രൂപീകരിക്കണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം കര്‍മ്മ പരിപാടി തയ്യാറാക്കേണ്ടത് എന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. വന്യജീവികളുടെ അക്രമണത്തില്‍ കൊല്ലപെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നാഷണല്‍ കോര്‍പസ് ഫണ്ട് രൂപീകരിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന് കെ ആര് സുഭാഷ് ചന്ദ്രന് ആണ് നിലമ്പൂര്‍ എംഎല് എ യുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
2016 നും 2023 നും ഇടയില്‍ കേരളത്തില്‍ മാത്രം 909 പേരാണ് വന്യജീവി ആക്രമത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്കിയ കണക്കുകള്‍ പ്രകാരം 13 സംസ്ഥാനകളിലായി 293 പേരാണ് 2018-22 കാലഘട്ടത്തില്‍ കടുവയുടെ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത്. 2018-23 കാലഘട്ടത്തില്‍ 16 സംസ്ഥാനകളിലായി 2657 പേരാണ് ആനകളുടെ ആക്രമണത്തിന് ഇരയായതെന്നും ഇതിനു പുറമെ മറ്റു വന്യജീവി അക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍, കോടിക്കണക്കിനു രൂപയുടെ കൃഷിനാശം തുടങ്ങിയവക്കും മനുഷ്യ വന്യജീവി സംഘര്‍ഷം കാരണമായിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വന്യജീവികളെ കൊല്ലുന്നതിന് പകരം, വന്ധ്യന്‍കരണവും, മറ്റ് ഗര്‍ഭ നിരോധന മാര്‍ഗങ്ങളും ഉപയോഗിച്ച് അവയുടെ ജനന നിരക്ക് നിയന്ത്രിക്കണം. ചില വന്യ ജീവികളെ കൊല്ലേണ്ടി വരും. ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മനുഷ്യനും കൃഷിക്കും അപകടമാകുന്ന വന്യ ജീവികളെ നിയന്ത്രിതമായി വേട്ടയാടാന്‍ അനുവാദം നല്‍കാറുണ്ട്. ഇന്ത്യയിലും ഇതിനായുള്ള സമഗ്ര നയം തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം.
അക്രമകാരികള്‍ ആയ വന്യമൃഗങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നയത്തിന് രൂപം നല്‍കണം എന്നും ഹര്‍ജിയില്‍ അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രോണുകള്‍ ഉള്‍പ്പടെയുടെ സങ്കേതത്തിക വിദ്യകള്‍ ഉപയോഗിച്ച് വന്യജീവികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കണം എന്നും, ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയണം എന്നും അന്‍വര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വന്യജീവികളുടെ അക്രമണത്തിനെ തുടര്‍ന്ന് ജീവനും, സ്വത്തും, കൃഷിയും നഷ്ടപെടുന്നവര്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുക. സ്വാഭാവിക വനം പുനസ്ഥാപിക്കാന്‍ തേക്ക്, യൂക്കാലിപിറ്റിസ് തുടങ്ങിയ മരങ്ങള്‍ പ്രാദേശിക വാസികളുടെ സഹായത്തോടെ നീക്കിയ ശേഷം, വന പ്രദേശത്തിന് ഇണങ്ങുന്ന തരത്തില്‍ ഉള്ള മരങ്ങള്‍ വച്ച് പിടിപ്പിക്കണം. വനത്തിനകത്തു തന്നെ മൃഗങ്ങള്‍ക്കായി കുടിവെള്ള സ്രോതസ്സുകള്‍ ഒരുക്കണമെന്നും ഇതിന് ആവശ്യമായുള്ള ഫണ്ട് നല്കാന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
10-Mar-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ