സിഎഎ സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ട: മുഖ്യമന്ത്രി
അഡ്മിൻ
തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റില്‍ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിന്റെ ഹിന്ദുത്വ വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുകയും ഇസ്ലാം മതവിശ്വാസികള്‍ക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരത്വത്തെ നിര്‍വ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളത്തിലേത്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സ്യൂട്ട് ഫയല്‍ ചെയ്യുകയും മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ദേശീയപാതയില്‍ മനുഷ്യ ചങ്ങല തീര്‍ക്കുകയും ചെയ്തു.
ജനകീയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും കണക്കികെടുക്കാതെ വര്‍ഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാര്‍ കാണിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന് പലവട്ടം സര്‍ക്കാര്‍ ആവര്‍ത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വര്‍ഗ്ഗീയ വിഭജന നിയമത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളമാകെ ഒന്നിച്ച് നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.