സിഎഎ: അസാമിൽ സി.പി.എമ്മും വിവിധ സ്ഥലങ്ങളില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി
അഡ്മിൻ
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ അസമില്‍ വ്യാപക പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലങ്ങളും നിയമത്തിന്റെ പകര്‍പ്പും പ്രക്ഷോഭകര്‍ കത്തിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. ലഖിംപുരില്‍ അസം ജാതീയതാബാദി യുബ ഛത്ര പരിഷദ് (എ.ജെ.വൈ.സി.പി) പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമത്തിന്റെ പകര്‍പ്പ് കത്തിച്ചു. ഗുവാഹതിയിലെ പാര്‍ട്ടി ആസ്ഥാനമായ രാജീവ് ഭവന് മുന്നില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കി.
സി.പി.എമ്മും വിവിധ സ്ഥലങ്ങളില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. കോളജ് വിദ്യാര്‍ഥികളും നിയമത്തിനെതിരെ രംഗത്തെത്തി. ശിവസാഗര്‍ ജില്ലയില്‍ റെയ്ജര്‍ ദള്‍, ക്രിഷക് മുക്തി സംഗ്രാം സമിതി, ഛത്ര മുക്തി പരിഷദ് തുടങ്ങിയ സംഘടനകള്‍ നിയമത്തിനെതിരെ സമരം നടത്തി. അതേസമയം ഐക്യ പ്രതിപക്ഷ ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ശിവസാഗര്‍, ഗോലാഘട്ട്, നഗാവ്, കാംരൂപ് തുടങ്ങിയ ജില്ലകളില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
അതേസമയം മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സി.എ.എ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ജാമിഅ മില്ലിയ, ഡല്‍ഹി സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅ മില്ലിയ സര്‍വകലാശാല വൈസ്ചാന്‍സലറുടെ വിലക്ക് ലംഘിച്ചാണ് വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.