പത്മജയ്ക്ക് പിന്നാലെ പദ്മിനി തോമസും ബിജെപിയിലേക്ക്

കോണ്‍ഗ്രസ് നേതാവ് പത്മിനി തോമസ് ബിജെപിയിലേക്ക്. പത്മിനി തോമസ് ഇന്ന് അംഗത്വം സ്വീകരിക്കും.സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പദ്മിനി തോമസിന് പാര്‍ട്ടിയില്‍ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തുമെന്നാണ് അവര്‍ പറഞ്ഞത്.

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് ഇന്നലെ ബിജെപി നേതൃത്വം അറിയിച്ചത്. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാര്‍ത്ത സമ്മേളനത്തില്‍ നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരും. എന്നാല്‍ ആരൊക്കെയാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന വിവരം സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി.

പോകുന്ന നേതാക്കളാരൊക്കെയെന്ന് അറിയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരിക്കെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നത്.

14-Mar-2024