കര്‍ണ്ണാടക ബിജെപിയില്‍ കലഹം. മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയുടെ മകന്‍ കന്തേഷ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. ബിജെപി രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും ഇടം പിടിക്കാതെ വന്നതോടെയാണ് വിമത നീക്കം.
ഹവേരി ലോക്‌സഭാ സീറ്റ് കന്തേഷിന് നല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ വാഗ്ദാനം ചെയ്‌തെന്നും ഒടുവില്‍ ചതിക്കപ്പെട്ടെന്നും ഈശ്വരപ്പ പ്രതികരിച്ചു. കന്തേഷ് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് യെദിയൂരപ്പ പറഞ്ഞെന്നും ഈശ്വരപ്പ പറഞ്ഞു. നിലവില്‍ ഹവേരി ലോക്‌സഭാ സീറ്റില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ബിജെപി സ്ഥാനാര്‍ത്ഥി.
മകന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി മാര്‍ച്ച് 15 ന് ഷിവമോഗയില്‍ തന്റെ അനുയായികളുടെ യോഗം വിളിച്ചിരിക്കുകയാണ് ഈശ്വരപ്പ. ശിവമോഗ അല്ലെങ്കില്‍ ഹവേരി മണ്ഡലത്തില്‍ നിന്നായിരിക്കും കന്തേഷ് മത്സരിക്കുകയെന്നും ഈശ്വരപ്പ പറഞ്ഞു. യെദിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയുടെ സീറ്റാണ് ഷിവമോഗ. 2013ല്‍ കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ യെദ്യൂരപ്പയെ പിന്തുണയ്ക്കില്ലെന്ന തീരുമാനത്തിലെ അതൃപ്തിയാണ് തന്റെ മകനെ ബിജെപി തഴഞ്ഞതിന് കാരണമെന്ന് ഈശ്വരപ്പ ആരോപിച്ചു.