സിഎഎയ്‌ക്കെതിരെ നിയമപരമായ തുടര്‍ നടപടിക്ക് കേരളം തയ്യാർ: മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎയ്‌ക്കെതിരെ നിയമപരമായ തുടര്‍ നടപടിക്ക് കേരളം തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഹീനമായ നടപടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പൗരത്വഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായതും നിയമം ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ്. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഹീനാമായ നടപടിയാണിത്. ഈ നിയമം അന്താരഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനം നേരിടുന്നു. നിയമത്തിന്റെ വിവേചന സ്വഭാവത്തെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭയില്‍ നിന്ന് തന്നെ വിമര്‍ശനം നേരിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഇന്ത്യയെന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണിത്. പ്രത്യേക മതവിശ്വസത്തെ പൗരത്വം നിര്‍ണയിക്കുന്ന വ്യവസ്ഥയാക്കുന്നു. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറില്‍നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്.

അനധികൃത കുടിയേറ്റക്കാര്‍ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തില്‍ വന്നത് 2003ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ ആരാണ് അനധികൃത കുടിയേറ്റക്കാര്‍ എന്നത് നിര്‍വചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലായിരുന്നില്ല. 2019ലെ ഭേദഗതിയാണ് പൗരത്വത്തെ നിര്‍ണയിക്കാനുള്ളതിന് അടിസ്ഥാനമാക്കി മതത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

14-Mar-2024