കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം: പത്മിനി തോമസ്

കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമെന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മിനി തോമസ്. കോൺഗ്രസുകാർക്ക് ഗ്രൂപ്പ് മാത്രമാണ് പ്രധാനമെന്നും പത്മിനി തോമസ് കുറ്റപ്പെടുത്തി. കോൺഗ്രസിൽ അഞ്ചു ഗ്രൂപ്പുകളെന്നും പത്മിനി വിമർശനം ഉന്നയിച്ചു. സ്ത്രീകൾക്ക് കോൺഗ്രസിൽ ഒരു പരിഗണനയും ഇല്ലെന്ന് കുറ്റപ്പെടുത്തിയ പത്മിനി മോദി സർക്കാർ കായിക-വനിതാ രംഗത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾ ആകർഷിച്ചുവെന്നും ചൂണ്ടിക്കാണിച്ചു.

ഉപാധികളൊന്നും ഇല്ലാതെയാണ് ബിജെപിയിലേക്ക് എത്തിയതെന്ന് പത്മിനി തോമസ് ചൂണ്ടിക്കാണിച്ചു. ഒരു വർഷം മുന്നേ ബിജെപി തന്നെ സമീപിച്ചിരുന്നെന്നും അന്ന് മുതൽ മനസ് കൊണ്ട് ബിജെപിക്കൊപ്പമായിരുന്നുവെന്നും പത്മിനി തോമസ് വ്യക്തമാക്കി. ബിജെപിയിൽ ചേരാനുള്ള തീരുമാനം ആലോചിച്ച് എടുത്ത തീരുമാനമെന്നും പത്മിനി തോമസ് പറഞ്ഞു.

കോൺഗ്രസ് സഹയാത്രികയും സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയുമായിരുന്ന പത്മിനി തോമസ് ഇന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം ഡി സി സിയുടെ മുൻ ഭാരവാഹികളായിരുന്ന തമ്പാനൂർ സതീഷും വട്ടിയൂർക്കാവ് ഉദയനും ഉൾപ്പെടെയുള്ളവരും കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തിയിരുന്നു.

14-Mar-2024